യുക്മ കേരളപൂരം വള്ളംകളി 2025 ന് മോടി കൂട്ടുവാന്‍ 'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്' ഉം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും അണിയറയില്‍ ഒരുങ്ങുന്നു. ആഗസ്റ്റ് 30 ശനിയാഴ്ച റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം മത്സര വള്ളംകളി കാണുവാന്‍ എത്തിച്ചേരുന്ന കാണികള്‍ക്ക് വള്ളംകളിയോടൊപ്പം ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കുവാന്‍ ആകര്‍ഷണീയങ്ങളായ നിരവധി പ്രോഗ്രാമുകളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
യുകെയിലെ നൂറ്റി അന്‍പതിലധികം പ്രാദേശിക മലയാളി അസ്സോസ്സിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ 2017 മുതല്‍ സംഘടിപ്പിക്കുന്ന വള്ളംകളി, യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന പ്രോഗ്രാമായി മാറിക്കഴിഞ്ഞു. വള്ളംകളി മത്സരം നടക്കുന്ന മാന്‍വേഴ്‌സ് തടാകക്കരയിലെ പുല്‍ത്തകിടിയിലും വേദിയിലുമാണ് കലാ പരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്ന്, ഉത്സവ പ്രതീതിയുണര്‍ത്തുന്ന അന്തരീക്ഷത്തിന് യോജിച്ച തരത്തിലുള്ള കലാ വിസ്മയങ്ങളായിരിക്കും അരങ്ങേറുന്നതെന്ന് വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ് അറിയിച്ചു.
'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ് 2025'
-------------------
യുക്മ കേരളപൂരം വള്ളംകളി 2025 ന്റെ ഏറ്റവും വലിയ ആര്‍ഷണമായി അണിഞ്ഞൊരുങ്ങുന്നത് യുകെയിലെ നൂറ് കണക്കിന് മലയാളി മങ്കമാര്‍ പങ്കെടുക്കുന്ന 'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ് 2025' എന്ന നാട്യ വിസ്മയമാണ്. മുന്‍ വര്‍ഷങ്ങളില്‍ മെഗാ തിരുവാതിരയും മെഗാ ഫ്യൂഷന്‍ തിരുവാതിരയും അവതരിപ്പിച്ച് കാണികളുടെ മനം നിറച്ച കേരളീയ വനിതകള്‍ ഇക്കുറിയെത്തുന്നത് പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന 'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ് 2025' എന്ന നാട്യ രൂപവുമായാണ്.
ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മലയാളി വനിതകള്‍ക്ക് അതിനുള്ള അവസരമുണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രാക്ടീസ് സെഷനുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും സംഘാടകര്‍ ഒരുക്കുന്നതാണ്.
ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം (+44 7450964670), ജോയിന്റ് സെക്രട്ടറി റെയ്‌മോള്‍ നിധീരി (+44 7789149473) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ലൈവ് സ്റ്റേജ് പ്രോഗ്രാംസ്
-------------
വള്ളംകളി മത്സരം നടക്കുന്ന മാന്‍വേഴ്‌സ് തടാകക്കരയില്‍ സജ്ജമാക്കുന്ന സ്റ്റേജിലായിരിക്കും ലൈവ് പ്രോഗ്രാമുകള്‍ അരങ്ങേറുന്നത്. രാവിലെ മുതല്‍ വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍ ലൈവ് പ്രോഗ്രാമുകള്‍ സ്റ്റേജില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്ന വിധമാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളോടൊപ്പം തനത് കേരളീയ കലാ രൂപങ്ങളും സ്റ്റേജില്‍ അരങ്ങേറും.
വള്ളംകളിയോട് അനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് യുകെ മലയാളികളില്‍ നിന്നും മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചത്. വള്ളംകളി മത്സരവും അതിനോട് അനുബന്ധിച്ചുള്ള കലാ പരിപാടികളും കാണുവാനെത്തുന്ന ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുവാനുള്ള അസുലഭാവസരമാണ് യുകെയിലെ കലാകാരന്‍മാര്‍ക്കായി യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സ്, ക്‌ളാസ്സിക്കല്‍ ഡാന്‍സ്, തനത് കേരളീയ കലാ രൂപങ്ങള്‍, നാടന്‍ പാട്ട് തുടങ്ങി വൈവിദ്ധ്യമേറിയ ഗ്രൂപ്പ് ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ച് ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്ന മനോജ് കുമാര്‍ പിള്ള (+44 7960357679), അമ്പിളി സെബാസ്റ്റ്യന്‍ (+44 7901063481) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
യുക്മ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223066
ഡിക്‌സ് ജോര്‍ജ്ജ് - 07403312250.