CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 41 Seconds Ago
Breaking Now

അന്താരാഷ്ട്ര കബഡി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് സ്വര്‍ണം., മലയാളികള്‍ക്കഭിമാനമായി അഭിഷേക് അലക്‌സ്, ക്രിഷ് നായര്‍......

ഇറ്റലിയില്‍ നടന്ന ആറ് രാഷ്ട്രങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര കബഡി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ടീമിന് സ്വര്‍ണ കിരീടം. ഫൈനലില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട് ടീം ആതിഥേയരായ ഇറ്റലിയെയാണ് പരാജയപ്പെടുത്തിയത്. മലയാളി താരങ്ങളായ അഭിഷേക് അലക്‌സ്, ക്രിഷ് നായര്‍ എന്നിവരുള്‍പ്പെടുന്ന ടീമാണ് ഇംഗ്ലണ്ടിന് സുവര്‍ണ നേട്ടം നേടിക്കൊടുത്തത്.

ഇംഗ്ലണ്ട്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ഹംഗറി, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ മികച്ച ടീമുകള്‍ പങ്കെടുത്ത അന്താരാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ടീം വെന്നിക്കൊടി പാറിച്ചത്. ഇന്ത്യന്‍ പ്രോ കബഡി ലീഗില്‍ ഡല്‍ഹി ഡബാംഗ് താരമായ ഫെലിക്‌സ് ലി ക്യാപ്റ്റനായ

ടീമില്‍ അഭിഷേക് അലക്‌സ്, വരദ് ക്ഷിര്‍സാഗര്‍, ക്രിഷ് നായര്‍, ജോര്‍ജ് വെല്ലിംഗ്ടണ്‍, ഏകം സിംഗ്, സുശീല്‍ സെയ്‌നി എന്നിവരാണ് കളിച്ചത്. സുശീല്‍ സെയ്‌നി കളിക്കാരനൊപ്പം മാനേജരുടെ ചുമതലയും വഹിച്ചു.

ഇറ്റലിയിലെ മിലാനിന് സമീപം ബെര്‍ഗാമോയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഹംഗറിയേയും, സ്വിറ്റ്‌സര്‍ലണ്ടിനേയും പരാജയപ്പെടുത്തിയാണ്  ഇംഗ്ലണ്ട് ഫൈനലില്‍ ഇടം നേടിയത്. ജര്‍മ്മനി നെതര്‍ലാന്‍ഡ്‌സ് ടീമുകളെ കീഴടക്കിയാണ് ഇറ്റലി ഫൈനലില്‍ എത്തിയത്.

ഇംഗ്ലണ്ടില്‍ നടന്ന കബഡി വേള്‍ഡ് കപ്പില്‍ വെയില്‍സ് ടീമിന് വേണ്ടി കളിച്ച മാഞ്ചസ്റ്റര്‍ സ്വദേശി അഭിഷേക് അലക്‌സ് ഇതാദ്യമായാണ് ഇംഗ്ലണ്ട് നാഷണല്‍ ടീമിന് വേണ്ടി ജേഴ്‌സിയണിഞ്ഞത്. ഹള്‍ - യോര്‍ക്ക് മെഡിക്കല്‍ സ്‌കൂളില്‍ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അഭിഷേക് പഠനത്തിനൊപ്പം കായിക രംഗത്തും ശ്രദ്ധപതിപ്പിക്കുന്നു. മുന്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസിന്റെയും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സായ ബെറ്റിമോള്‍ അലക്‌സിന്റെയും രണ്ടാമത്തെ മകനാണ് അഭിഷേക്. ബാങ്കുദ്യോഗസ്ഥയായ അനേഖ അലക്‌സ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഡ്രിയേല്‍ അലക്‌സ് എന്നിവര്‍ സഹോദരിമാരാണ്.

മാഞ്ചസ്റ്റര്‍ സ്വദേശി തന്നെയായ ക്രിഷ് നായര്‍ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ സിസ്റ്റം എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പഠനവും സ്‌പോര്‍ട്‌സും ഒരേപോലെ കൊണ്ടുപോകുന്ന ക്രിഷ് നായര്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മെന്റല്‍ ഹെല്‍ത്ത് ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്ററായ സന്തോഷ് നായരുടേയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ക്വാളിറ്റി ലീഡായ മായ സന്തോഷിന്റേയും മൂത്ത മകനാണ്. സഹോദരന്‍മാര്‍ എ ലെവല്‍ വിദ്യാര്‍ത്ഥി റിഷിക് നായര്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി റിഷിനാന്‍ നായര്‍.

ഇംഗ്ലണ്ട് ടീമിന്റെ വിജയത്തില്‍ ഭാഗഭാക്കാകാന്‍ സാധിച്ച മലയാളി താരങ്ങളായ അഭിഷേകിനേയും, ക്രിഷിനേയും മുഴുവന്‍ ടീമംഗങ്ങളേയും യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍  എന്നിവര്‍ യുക്മ ദേശീയ സമിതിക്കു വേണ്ടി അഭിനന്ദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.