കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്കുള്ള യാത്ര. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.
അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു. കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. വിയ്യൂര്‍ ജയിലിലെ ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുക.
ഇവിടെ അന്തേവാസികള്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണത്തിനും പുറത്തിറങ്ങാന്‍ അനുവാദമില്ല. നേരിട്ട് സെല്ലില്‍ എത്തിച്ച് നല്‍കും. 4.2 മീറ്ററാണ് സെല്ലുകളുടെ ആകെ ഉയരം. പുറത്ത് ആറ് മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റുമുള്ള മതില്‍, ഇതിനുമുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതവേലി, മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവര്‍ എന്നിവയാണ് വിയ്യൂരിന്റെ പ്രത്യകത.
536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോഴുള്ളത് 125 കൊടും കുറ്റവാളികളാണ്. ആകെ 300 തടവുകാരാണ് ജയിലിലുള്ളത്. 535 തടവുകാരെ പാര്‍പ്പിക്കാമെങ്കിലും 40 ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. നിലവില്‍ റിപ്പര്‍ ജയാനന്ദന്‍, ചെന്താമര തുടങ്ങിയ കുറ്റവാളികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.