അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കരാര്‍ വ്യവസ്ഥകള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ലെന്നും, കരാര്‍ ലംഘിച്ചത് അവരാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ആണ് പറഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറി അര്‍ജന്റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, കരാര്‍ ലംഘിച്ചത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോണ്‍സര്‍ നടത്തിയിരുന്നു. എന്നാല്‍ കായിക മന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കായിക മന്ത്രിക്കെതിരെ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. 2024 സെപ്റ്റംബറിലാണ് കായികമന്ത്രി മാഡ്രിഡില്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. കരാര്‍ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാ?ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.