ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് ഇത്ര ഗൗരവമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഇലക്ഷന്‍ കമ്മീഷനാണ് ഇന്ത്യയില്‍ ഇന്നുള്ളതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ഗുരുതര ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിച്ചിട്ടും തെളിവുകള്‍ ഹാജരാക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
ഒരു വോട്ടറുടെ പേര് വോട്ടര്‍പട്ടികയില്‍ പലവട്ടം വന്നുവെന്നും അദ്ദേഹം പലതവണ വോട്ട് ചെയ്തു എന്നതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശമെന്ന് തോമസ് ഐസക് പരിഹസിച്ചു. ഹാജരാക്കാന്‍ കഴിയുന്ന ഏക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. വിചിത്രമായ ഒരു ഉത്തരവിലൂടെ ഈ സിസിടിവി ദൃശ്യങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ നശിപ്പിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ അറിഞ്ഞുകൊണ്ടുള്ള ഒരു ഇലക്ഷന്‍ തട്ടിപ്പാണ് ഇന്ത്യയില്‍ 2024 ല്‍ അരങ്ങേറിയത് എന്നത് വ്യക്തമാണെന്നും തോമസ് ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2024 ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിന് സ്ഥലത്ത് താമസക്കാരന്‍ ആണെന്ന് തെളിയിക്കുന്നതിന് വിലാസത്തോടുകൂടിയ ഒരു പോസ്റ്റല്‍ കത്ത് ഹാജരാക്കിയാല്‍ മതിയാവുമായിരുന്നു. ഇപ്പോള്‍ ബിഹാറില്‍ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിന് ആധാറോ, ലൈസന്‍സോ, റേഷന്‍കാര്‍ഡോ, തൊഴിലുറപ്പ് കാര്‍ഡോ ഒന്നും സ്വീകാര്യമല്ല. ജില്ലാ മജിസ്ട്രേറ്റിന്റെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റോ, ഭൂമി അല്ലെങ്കില്‍ വീട് പതിവ് രേഖയോ, പാസ്സ്‌പോര്‍ട്ടോ, സര്‍ക്കാര്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്ററോ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഐഡന്റിറ്റി കാര്‍ഡോ വേണം. ആദ്യത്തതിന്റെ ലക്ഷ്യം വോട്ടേഴ്സ് ലിസ്റ്റില്‍ വ്യാജ വോട്ടര്‍മാരെ വ്യാപകമായി ചേര്‍ക്കുക എന്നതാണെങ്കില്‍ രണ്ടാമത്തേതിന്റെ ലക്ഷ്യം നിലവിലുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം പുറത്താക്കുകയാണ്. രണ്ടിന്റെയും സൂത്രധാരന്‍ ഇലക്ഷന്‍ കമ്മീഷന്‍ തന്നെ. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും പ്രചാരം സിദ്ധിച്ച ഒരു ട്രോള്‍ ഇതായിരുന്നു. ''തങ്ങള്‍ എന്‍ ഡി എ യില്‍ ചേര്‍ന്നു എന്ന കിംവദന്തികളെ ഇലക്ഷന്‍ കമ്മീഷന്‍ ശക്തമായി നിഷേധിച്ചു. തങ്ങള്‍ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കുന്നതെ ഉള്ളു എന്ന് വ്യക്താവ് വ്യക്തമാക്കി.'' എത്ര പരിഹാസ്യമായ നിലയിലേക്ക് ഇലക്ഷന്‍ കമ്മീഷന്‍ അധഃപതിച്ചിരിക്കുന്നു!. ഏതാണ്ട് ഒരുകോടി വോട്ടര്‍മാരെ ആണ് സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍ (SIR) നടപടിയിലൂടെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ആരൊക്കെയാണ് നിലവിലുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പുറത്തുപോയത്? അത് വെളിപ്പെടുത്തുവാനുള്ള നിയമപരമായ ബാധ്യത തങ്ങള്‍ക്കില്ല എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞില്ലെങ്കിലും പഴയതും പുതിയതും ആയ വോട്ടേഴ്സ് ലിസ്റ്റുകള്‍ താരതമ്യപ്പെടുത്തി അവയൊന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചാലോ? ഇനി നടപ്പില്ല, കാരണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പത്ര സമ്മേളനത്തിന് ശേഷം ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റ് മാറ്റി സ്‌കാന്‍ ചെയ്ത ഹാര്‍ഡ് കോപ്പി pdf രൂപത്തില്‍ വെബ്‌സൈറ്റില്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇനി കമ്പ്യൂട്ടറില്‍ സെര്‍ച്ച് ചെയ്തു എളുപ്പത്തില്‍ യാഥാര്‍ഥ്യം മനസിലാക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി ചെയ്തത് പോലെ പ്രിന്റൗട്ട് എടുത്ത് രണ്ടു വോട്ടേഴ്സ് ലിസ്റ്റും തമ്മില്‍ താരതമ്യപ്പെടുത്തി മാനുവല്‍ ആയി ചെയ്യണം. നാല്‍പ്പത് പേര്‍ മാസങ്ങള്‍ പണിയെടുത്താണ് കര്‍ണാടകത്തിലെ ഒരു നിയോജക മണ്ഡലത്തിലെ വോട്ട് കൊള്ളയുടെ തെളിവുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ സെന്‍ട്രല്‍ ലോകസഭാ മണ്ഡലത്തില്‍ മഹാദേവപുരം അസംബ്ലി മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളില്‍ മൊത്തത്തില്‍ കോണ്‍ഗ്രെസ്സിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ മഹാദേവപുരത്ത് ലഭിച്ച ലീഡുകൊണ്ട് ബിജെപി ജയിച്ചു. ഈ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ 1,00,250 വോട്ടുകള്‍ കള്ളവോട്ടുകള്‍ ആണെന്ന് തെളിഞ്ഞു. മരിച്ചു പോയവരുടെ വോട്ടുകളും, നാടുവിട്ടു പോയവരുടെ പേരുകളും എല്ലാം വോട്ടേഴ്സ് ലിസ്റ്റില്‍ കാണുക സാധാരണയാണ്. പക്ഷെ ഒരാള്‍ക്ക് പല ബൂത്തുകളില്‍ വോട്ടുകള്‍, കള്ള അഡ്രസ്സില്‍ ചേര്‍ത്തിരിക്കുന്ന വോട്ടുകള്‍, വയോജനങ്ങള്‍ കന്നി വോട്ടര്‍മാരായി രംഗപ്രവേശനം ചെയ്യുന്നത് എന്നുതുടങ്ങിയ ഇനങ്ങളിലായി ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഇല്ലാതെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക അസാധ്യമാണ്. ജനാധിപത്യത്തിന്റെ അട്ടിമറിയാണ് 2024 ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പലമണ്ഡലങ്ങളിലും നടത്തിയത്. പ്രതിപക്ഷ നേതാവ് ഇത്ര ഗൗരവമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഇലക്ഷന്‍ കമ്മീഷനാണ് ഇന്ത്യയില്‍ ഇന്നുള്ളത്. തെളിവുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. ഒരു വോട്ടറുടെ പേര് വോട്ടര്‍പട്ടികയില്‍ പലവട്ടം വന്നു. അദ്ദേഹം പലതവണ വോട്ട് ചെയ്തു എന്നതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കണമത്രേ. ഹാജരാക്കാന്‍ കഴിയുന്ന ഏക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. വിചിത്രമായ ഒരു ഉത്തരവിലൂടെ ഈ സിസിടിവി ദൃശ്യങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ നശിപ്പിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ അറിഞ്ഞുകൊണ്ടുള്ള ഒരു ഇലക്ഷന്‍ തട്ടിപ്പാണ് ഇന്ത്യയില്‍ 2024 ല്‍ അരങ്ങേറിയത് എന്നത് വ്യക്തം. രണ്ട് ഡസണ്‍ സീറ്റുകൂടി ഇന്ത്യ സഖ്യം ജയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാവുമായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ വിധികളും അവിശ്വസനീയമായ വിധത്തിലുള്ള അട്ടിമറി വിജയങ്ങളാണ് ബിജെപിക്ക് ഉണ്ടായത്. ഇന്ന് അവയ്ക്കെല്ലാം കൃത്യമായ വിശദീകരണം ലഭിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അധികാരം പിടിക്കുന്ന പാര്‍ട്ടിയായി ബിജെപി അധപ്പതിച്ചിരിക്കുന്നു. കേരളത്തില്‍ ബിജെപിയുടെ ഏക വിജയം തൃശൂരാണ്. 2019 നെ അപേക്ഷിച്ചു 2024 ല്‍ സംസ്ഥാനം മൊത്തത്തില്‍ എടുത്താല്‍ ശരാശരി 79,881 വോട്ടുകളാണ് ഓരോ മണ്ഡലത്തിലും വര്‍ധിച്ചത്. അതേ സമയം തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണം 1,45,945 വര്‍ദ്ധിച്ചു. വര്‍ദ്ധിച്ച വോട്ടര്‍മാരില്‍ എത്രപേര്‍ ബിജെപിയുടെ കള്ളവോട്ടര്‍മാര്‍ ആയിരുന്നു?