എറണാകുളം കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്.
'കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടില്‍ വന്നു. കല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛന്‍ മരിച്ച് 40 ദിവസം കഴിഞ്ഞതേയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു'- സോനയുടെ സഹോദരന്‍ പറഞ്ഞു.
'ഇതിനിടെ റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ലോഡ്ജില്‍ നിന്നുപിടിച്ചു. എന്നിട്ടും അവള്‍ ക്ഷമിച്ചു. ഇനി രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് അവള്‍ റമീസിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടില്‍ പോയി. അവിടെ നിന്ന് റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിരുന്നു. സോനയെ റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. മാനസികമായും പീഡിപ്പിച്ചു. മതംമാറാന്‍ പൊന്നാനിയിലേക്ക് പോകാന്‍ വണ്ടി റെഡിയാക്കി നിര്‍ത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. എന്നാല്‍ അപ്പോള്‍ മതം മാറാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്'- സോനയുടെ സഹോദരന്‍ പറഞ്ഞു.