CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 38 Seconds Ago
Breaking Now

'മെത്രാന്മാര്‍ക്ക് പ്രതികരിക്കാന്‍ എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങണോ?' എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത

സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നെന്നും അതിരൂപത കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ എം വി ഗോവിന്ദന്‍ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയെന്ന് അതിരൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിക്കുന്നു. എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാര്‍ക്ക് പ്രതികരിക്കാന്‍ പാടുള്ളൂവെന്നത് ഫാസിസ്റ്റ് മുഖമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി കാണരുത്. ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദന്‍ മാഷിനില്ലെന്നും വിമര്‍ശനം.

ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതില്‍ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വര്‍ഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.

യുവജന സംഘടനയുടെ ചില നേതാക്കള്‍ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദന്‍ മാഷിന് ഇല്ലായെന്നതിന് മലയാളികള്‍ സാക്ഷികളാണ്. സ്വന്തം പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകള്‍ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികള്‍ക്ക് മുമ്പിലുണ്ട്.

ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പാംപ്ലാനി പിതാവ് പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദന്‍ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നതെന്നും അതിരൂപത പ്രസ്താവനയിലൂടെ ചോദിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃതങ്ങള്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദന്‍ മാഷ് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നെന്നും അതിരൂപത കൂട്ടിച്ചേര്‍ത്തു.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം വി ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.