CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 21 Seconds Ago
Breaking Now

എം പിയായി വിലസും, തടയാന്‍ ജയരാജന്റെ സൈന്യംപോര; ആ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതി' മറുപടിയുമായി സദാനന്ദന്‍ മാസ്റ്റര്‍

നിങ്ങളുടെ അടിമത്തം പേറാന്‍ മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരില്‍ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിര്‍വാദം എന്നോടൊപ്പമുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജ്യസഭാ എംപി സി സദാനന്ദന്‍ മാസ്റ്റര്‍. എംപിയായി വിലസാന്‍ തന്നെയാണ് തീരുമാനമെന്നും അതു തടയാന്‍ എം വി ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സി സദാനന്ദന്‍ കേരളത്തിലെ പ്രഗ്യാസിങ് ഠാക്കൂറാണെന്നായിരുന്നു ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സിപിഎമ്മുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്നു കരുതേണ്ടെന്നും പറഞ്ഞിരുന്നു. ഇതടക്കം ജയരാജന്റെ രൂക്ഷമായ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു സദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സദാനന്ദന്‍ മാസ്റ്ററുടെ മറുപടി.

കുറിപ്പിന്റെ പൂര്‍ണരൂപം

എംപിയായി വിലസാന്‍ തന്നെയാണ് തീരുമാനം.... തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാന്‍ വൈകി. എംപിയായി വിലസുന്നതു തടയാന്‍ താങ്കള്‍ മതിയാവില്ലല്ലോ സഖാവേ.... സഖാവിന്റെ സൈന്യവും പോരാതെ വരും. കമ്മ്യൂണിസ്റ്റുകാരെ (?) ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങള്‍ നേതാക്കള്‍ ബോംബും വാളും മഴുവും നല്‍കി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.

ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. ലോക നേതാവായ പ്രധാനമന്ത്രിയുടെ നിര്‍ദേശത്താലാണ്. പ്രസ്ഥാനത്തിനായി ജീവന്‍ വെടിഞ്ഞവര്‍ (അല്ല നിങ്ങള്‍ കൊത്തിക്കീറി സംഹരിച്ചവര്‍) നെഞ്ചേറ്റിയ ആദര്‍ശത്തിന്റെ സാക്ഷാത്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്.

അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട.... ഫലമില്ല. നിങ്ങളുടെ അടിമത്തം പേറാന്‍ മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരില്‍ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിര്‍വാദം എന്നോടൊപ്പമുണ്ട്. നാട്ടില്‍ നന്മ പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണയെനിക്കുണ്ട്. അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയില്‍ വച്ചാല്‍ മതി.

ഇങ്ങനെയൊക്കെ പറയണമെന്ന് ചിന്തിച്ചതേയല്ല. പറയരുതെന്നു തന്നെയാണ് നിശ്ചയിച്ചിരുന്നതും. പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍ എന്തു ചെയ്യും...! നാടിന് ഗുണമുണ്ടാകുന്ന പണി ധാരാളം വേറെയുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.