ആക്രമിച്ചത് 70 അംഗ സംഘമെന്ന് ഒഡിഷയില്‍ അതിക്രമത്തിനിരയായ ഫാദര്‍ ലിജോ ജോര്‍ജ് നിരപ്പേല്‍. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ബജ്‌രംഗ്ദള്‍ ആക്രമണത്തിന്റെ നടുക്കെ മാറും മുമ്പാണ് ഒഡിഷയില്‍ സമാന സംഭവുണ്ടായത്. ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ പ്രാര്‍ത്ഥന ചടങ്ങിന് പോയ വൈദികരും കന്യാസ്ത്രീകളുമുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. ഫാദര്‍ ലിജോ ജോര്‍ജ് നിരപ്പേല്‍, ഫാദര്‍ വി. ജോജോ, സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് ആക്രമിച്ചത്.
ഇവിടെ അമേരിക്കയാക്കാന്‍ പോകുവാണോയെന്ന് ചോദിച്ച് വൈദികരെ അടിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്‌തെന്ന് ഫാദര്‍ ലിജോ നിരപ്പേല്‍ വ്യക്തമാക്കി. 'ഇവിടെ ബിജെപിയാണ് ഭരിക്കുന്നതെന്ന് പറഞ്ഞാണ് അടിച്ചത്. മൊബൈലുകള്‍ തട്ടിപ്പറിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ എല്ലാവരെയും അടിച്ചു. ഡ്രൈവറുടെ ചെകിട്ടത്തും അടിച്ചു. ശബ്ദം കേട്ട് ഗ്രാമീണര്‍ ഓടിവന്നു. വര്‍ഷങ്ങളായി ക്രൈസ്തവരാണെന്നും ഞങ്ങള്‍ വിളിച്ചിട്ടാണ് അച്ചന്‍മാര്‍ ആണ്ടുകുര്‍ബാനയ്ക്ക് വന്നെതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. കുറച്ച് കഴിഞ്ഞ് പൊലീസ് വന്നു. സംഘം പൊലീസിനോടും ഞങ്ങള്‍ക്കെതിരായി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്.' നേരിട്ട അതിക്രമത്തെക്കുറിച്ച് ഫാദര്‍ ലിജോ പറഞ്ഞു.