പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക തനിക്ക് മെസ്സേജ് അയച്ചു നല്ല പേടിയുണ്ട് എന്ന് പറഞ്ഞിരുന്നതായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. തനിക്ക് നല്ല പേടിയുണ്ട് കാര്യങ്ങള്‍ പുറത്തു പറയാന്‍ എന്ന് അവന്തിക പറഞ്ഞതായി പ്രശാന്ത് ശിവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ധൈര്യമായിട്ട് മുന്നോട്ടുപോകാനാണ് താനവര്‍ക്ക് മറുപടി നല്‍കിയതെന്ന് പ്രശാന്ത് പറഞ്ഞു. ശേഷം കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് നേരെ നല്ല സൈബര്‍ ആക്രമണം ആണെന്നും പറഞ്ഞുകൊണ്ട് അവന്തിക മെസ്സേജ് ഇട്ടിരുന്നതായി പ്രശാന്ത്.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് മറുപടിയുമായി ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക രംഗത്ത്. രാഹുല്‍ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും, അന്ന് മാധ്യമപ്രവര്‍ത്തകനോട് സത്യം വെളിപ്പെടുത്താതിരുന്നത് ജീവനില്‍ ഭയം ഉണ്ടായിട്ടാണെന്നും അവന്തിക വ്യക്തമാക്കി. പിന്നീട് അതേ മാധ്യമപ്രവര്‍ത്തകനോടാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.