ഓണാഘോഷത്തിനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ അധ്യാപികക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെയാണ് കേസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡിവൈഎഫ്ഐ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡിവൈഎഫ്ഐ അടക്കം സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ശബ്ദ സന്ദേശം അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം.
ഓണാഘോഷത്തില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്നാണ് അധ്യാപിക രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചത്. തൃശ്ശൂര്‍ പെരുമ്പിലാവ് സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ആണ് സംഭവം. ഓണം ഹിന്ദുക്കളുടെ ഉത്സവമാണെന്ന് പറഞ്ഞാണ് അധ്യാപിക വിദ്വേഷ സന്ദേശമയച്ചത്. ഓണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഹിന്ദുക്കളുടേതായതിനാല്‍ അതിനെ മുസ്ലീം വിഭാഗത്തിലുള്ളവര്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് വിദ്വേഷ സന്ദേശത്തില്‍ അധ്യാപിക പറയുന്നത്. സ്‌കൂളില്‍ ഇന്ന് ഓണാഘോഷ പരിപാടികള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അധ്യാപികയുടെ ഉപദേശം.