കിടപ്പു രോഗിയായ പിതാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിക്കുകയും ഇതിന്റെ വിഡിയോ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ചന്ദ്രാനിവാസില്‍ ചന്ദ്രശേഖരന്‍ നായരെ (79) മര്‍ദിച്ചതിന് മക്കള്‍ അഖില്‍ചന്ദ്രന്‍ (30), നിഖില്‍ ചന്ദ്രന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ക്കൊപ്പമാണ് അഖിലും നിഖിലും താമസം. ഞായറാഴ്ച രാത്രി 10.42ന് കട്ടിലില്‍ കിടക്കുകയായിരുന്ന ചന്ദ്രശേഖരന്‍ നായരെ കട്ടിലില്‍ ഇരുന്നുകൊണ്ടുതന്നെ അഖില്‍ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. കയ്യില്‍ ധരിച്ചിരുന്ന സ്റ്റീല്‍ വള കൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയും അനങ്ങാന്‍ പറ്റാത്ത രീതിയില്‍ കൈകള്‍ പിടിക്കുകയും കഴുത്തില്‍ പിടിച്ചു തിരിക്കുകയുമായിരുന്നു. സംഭവം സമയത്ത് മാതാവ് നിസഹായയായി സമീപം ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനെ അഖില്‍ ആക്രമിക്കുമ്പോള്‍ നിഖില്‍ ഇതിന്റെ വിഡിയോ ചിത്രീകരിച്ചു.
മര്‍ദിക്കുന്നതിനിടെ ഇരുവരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. മര്‍ദന ദൃശ്യങ്ങള്‍ പ്രതികള്‍ മൂത്ത സഹോദരന്‍ പ്രവീണിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. പ്രവീണ്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും. 2023ലും ഇരുവരും ചേര്‍ന്ന് പിതാവിനെ മര്‍ദിച്ചതിനു പട്ടണക്കാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.