ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാന്‍ കുടുംബം തടസമാകാതിരിക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ത്ത യുവാവിന് ഒടുവില്‍ ജയില്‍വാസം. അമേരിക്കയിലെ വിസ്‌കോസിന്‍ സ്വദേശിയായ റയാന്‍ ബോര്‍ഗ്വാര്‍ട്ടാണ് 89 ദിവസത്തെ ജയില്‍ശിക്ഷ അനുഭവിച്ചത്. കുടുംബത്തെയടക്കം കബളിപ്പിച്ച 89 ദിവസങ്ങള്‍ കണക്കാക്കിയാണ് ശിക്ഷ. ഒടുവില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും ഉറ്റവരെ വേദനിപ്പിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും റയാന്‍ കോടതിയില്‍ ഏറ്റുപറഞ്ഞു.
ഓഗസ്ത് മാസമാണ് ഗ്രീന്‍ ലേക്കില്‍ താന്‍ കയാക്കിങിന് പോകുകയാണെന്ന് പറഞ്ഞ് റയാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ കാണാതാകുകയും ചെയ്തു. കയാക്കിങിനിടെ മുങ്ങി മരിച്ചുവെന്ന് വരുത്തി തീര്‍ക്കലായിരുന്നു റയാന്റെ ലക്ഷ്യം.ദിവസങ്ങളോളം അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഗ്രീന്‍ ലേക്കില്‍ നിന്ന് റയാന്റെ മൃതദേഹം കണ്ടെത്താനായില്ല. വിശദമായ പരിശോധന അന്വേഷണ സംഘം നടത്തിയപ്പോഴാണ് പുതിയ പാസ്‌പോര്‍ട്ട് റയാന്‍ എടുത്തതായും ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഉസ്‌ബെക്കിസ്ഥാന്‍കാരിയുമായി സൗഹൃദവും പ്രണയവുമുണ്ടെന്നും കണ്ടെത്തുന്നത്.
റയാന്‍ നാടുവിട്ടതാണെന്ന് പോലീസ് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ ജോര്‍ജിയയില്‍ നിന്ന് കണ്ടെത്തി. അനുനയിപ്പിച്ച് യുഎസിലേക്ക് മടക്കിയെത്തിച്ചു. റയാന്‍തിരികെ വീട്ടിലെത്തിയതോടെ 22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ വിവാഹ മോചനവും ആവശ്യപ്പെട്ടു. തുടക്കത്തില്‍ കുറ്റങ്ങളെല്ലാം റയാന്‍ നിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തെളിവുസഹിതം വിവരച്ചതോടെ സമ്മതിക്കുകയായിരുന്നു.