രണ്ടാം ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത ടവറിന് മുകളില്‍ കയറി യുവാവിന്റെ ഭീഷണി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.
2021ലായിരുന്നു രാജ് സക്സേന എന്ന യുവാവിന്റെ ആദ്യ വിവാഹം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഭാര്യ അസുഖബാധിതയായി മരിച്ചു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ അടുത്ത സഹോദരിയെ വിവാഹം കഴിച്ചു. ഈ വിവാഹം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലായി.
വ്യാഴാഴ്ച രാവിലെ ഇക്കാര്യം രാജ് തന്റെ ഭാര്യയെ അറിയിച്ചു. എന്നാല്‍ ഭാര്യ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ബോളിവുഡ് ചിത്രമായ 'ഷോലെയിലെ' ഒരു രംഗത്തിലെ പോലെ വൈദ്യുതി ടവറില്‍ കയറുകയും സഹോദരിയെ വിവാഹം കഴിച്ചു നല്‍കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് കുടുംബാംഗങ്ങളും പോലീസും സംഭവസ്ഥലത്തെത്തി. ഏഴുമണിക്കൂറോളം പണിപ്പെട്ടതിന് ശേഷമാണ് യുവാവിനെ വൈദ്യുതി ടവറിന്റെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്ത് നല്‍കാമെന്ന് യുവാവിന് ഉറപ്പുനല്‍കി. ഇതിന് ശേഷമാണ് താഴെയിറങ്ങാന്‍ യുവാവ് സമ്മതിച്ചത്. ഭാര്യയുടെ സഹോദരി തന്നെ സ്നേഹിക്കുന്നുണ്ടെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാജ് സക്സേന പറഞ്ഞു.