മകന്റെ പിറന്നാള്‍ സമ്മാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ന്യൂഡല്‍ഹി രോഹിണി സെക്ടര്‍ -17 ല്‍ ആണ് സംഭവം നടന്നത്. കുസും സിന്‍ഹ (63), മകള്‍ പ്രിയ സെഹ്ഗാള്‍ (34) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രിയ സെഹ്ഗാളിന്റെ ഭര്‍ത്താവ് യോഗേഷ് സെഹ്ഗലിനെ പൊലീസ് പിടികൂടി.
മകന്‍ ചിരാഗിന്റെ ജന്‍മദിനവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഇരുവിഭാഗവും പരസ്പരം കൈമാറിയ സമ്മാനങ്ങളെച്ചൊല്ലി പ്രിയയും ഭര്‍ത്താവ് യോഗേഷ് സെഹ്ഗലും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കുന്നതിനായി പ്രിയയുടെ അമ്മ കുസും അവരുടെ വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷവും കുസുമിന്റെ വിവരമൊന്നുമില്ലാതായതോടെ ഇളയമകന്‍ മേഘ് സിന്‍ഹ സഹോദരിയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ ഫ്‌ലാറ്റ് പുറത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിലിനടുത്ത് രക്തക്കറകള്‍ കണ്ടതോടെ സംശയം തോന്നിയ സഹോദരന്‍ ബന്ധുക്കളുടെ സഹായത്തോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഫ്‌ലാറ്റിനുള്ളില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ പ്രിയയേയും അമ്മയെയും കണ്ടെത്തുന്നത്.സംഭവശേഷം യോഗേഷ് കുട്ടിയുമായി കടന്നു കളഞ്ഞു.
തുടര്‍ന്ന് പോലീസ് യോഗേഷിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ജോഡി കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുക്കുകയും ചെയ്തു.ഗാര്‍ഹിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.