ഈ ഭൂമിയില്‍ ആയുസ്സ് ഏറെയില്ലെന്ന് തിരിച്ചറിയുമ്പോള്‍ മനുഷ്യന് മുന്നില്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടാകും. ചിലപ്പോള്‍ മനസ്സ് കൊണ്ട് ഏറെ ആഗ്രഹിച്ച ഒരു നിമിഷം കണ്‍മുന്നില്‍ കാണണമെന്ന മോഹമാകും, അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാള്‍ അരികില്‍ ഉണ്ടാകാനുള്ള ആഗ്രഹമാകും. പക്ഷെ സേലത്തെ ആശുപത്രിയില്‍ മരണത്തെ കാത്തുകിടന്ന ഈ അമ്മയ്ക്ക് മകന്റെ വിവാഹം നടന്നുകാണാനായിരുന്നു മോഹം.
കുക്കായി ജോലി ചെയ്തിരുന്ന ശാന്തിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് റോഡപകടത്തില്‍ ഗുരുതമായി പരുക്കേറ്റത്. സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. എന്നാല്‍ താന്‍ അധികമൊന്നും ജീവിക്കാന്‍ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ ശാന്തി മകനോട് തന്റെ അവസാനത്തെ ആഗ്രഹം വ്യക്തമനാക്കി. മകന്‍ പ്രഭാകറിന്റെ വിവാഹം കാണണം, മനസ്സ് നിറഞ്ഞ് മരിക്കണം.
എന്തായാലും ഭാഗ്യത്തിന് പ്രഭാകറിന്റെ വധുവിനെ നേരത്തെ കണ്ടെത്തി വെച്ചിരുന്നതിനാല്‍ അത്യാവശ്യ സമയത്ത് ഓടിനടന്ന് ബുദ്ധിമുട്ടേണ്ടതായി വന്നില്ല. പ്രതിശ്രുത വധുവിനെ പറഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടായിരുന്നു പെണ്‍വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍. ഒടുവില്‍ പ്രഭാകറിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി വിവാഹം നടത്താന്‍ തയ്യാറായതോടെ ആശുപത്രി മുറി വിവാഹവേദിയായി.
ആശുപത്രി പരിസരത്തുള്ള ചെറിയ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. ഇതിന് ശേഷം ഭാര്യയുമായി എത്തി അമ്മയുടെ അനുഗ്രഹം വാങ്ങി പ്രഭാകര്‍ ആ അവസാനത്തെ കാഴ്ച ശുഭമാക്കി.