പുഷ്പ 2 റിലീസ് ദിനം തിക്കിലും തിരക്കിലും സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കൂടുതല്‍ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.
യുവതിയുടെ മരണം താന്‍ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാല്‍ യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് എസിപിയെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. 'സ്ഥിതിഗതികള്‍ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നു, എന്നിട്ടും അദ്ദേഹം സിനിമ കാണല്‍ തുടര്‍ന്നു'വെന്ന് പൊലീസ് പറഞ്ഞു.
അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു. ഷോ പൂര്‍ത്തിയാകും മുന്‍പ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. പ്രതികരണം അനുകൂലം അല്ലാത്തതിനെ തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍കാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ നിര്‍ബന്ധിച്ച് പുറത്തിറക്കിയെന്നാണ് പൊലീസ് പറയുന്നത്.
തിരക്ക് അനിയന്ത്രിതമായതിനാല്‍ തിരിച്ചുപോകുമ്പോള്‍ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശവും നടന്‍ ലംഘിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അല്ലു അര്‍ജുന്‍ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ അധികാരികള്‍ പൊലീസിനെ ഡിസംബര്‍ രണ്ടിന് കണ്ടിരുന്നു. എന്നാല്‍ തിരക്ക് കൈവിട്ടുപോകുമെന്നതിനാല്‍ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശനത്തിന് എത്തുകയായിരുന്നു എന്നും എസിപി രമേശ് കൂട്ടിച്ചേര്‍ത്തു.