പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും മകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. അപകടം നടന്ന സന്ധ്യാ തിയറ്ററില്‍ പോയത് അനുമതിയോടെയെന്നാണ് അല്ലുവിന്റെ പ്രതികരണം. മൂന്ന് വര്‍ഷം പുഷ്പ 2വിന് വേണ്ടി പ്രവര്‍ത്തിച്ചു. അതിന്റെ ഫലം കാണാനാണ് തിയറ്ററില്‍ പോയത്. സന്ധ്യാ തിയറ്ററില്‍ അന്ന് നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അല്ലു പറഞ്ഞു.
പിന്നാലെ അല്ലു അര്‍ജുനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്തോളം ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞിരുന്നു.പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.
സന്ധ്യാ തിയറ്ററില്‍ പോകുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെന്നും അല്ലു പറഞ്ഞു. പൊലീസ് ഭാഷ്യവും സര്‍ക്കാര്‍ ഭാഷ്യവും തെറ്റിദ്ധാരണ പരത്തുന്നതാണ്. കഠിനാദ്ധ്വാനം ചെയ്താണ് ഇതുവരെ എത്തിയത്. തനിക്കെതിരെ സ്വഭാവഹത്യ നടത്താനാണ് ശ്രമം. ആരാധകര്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആദരവോടെ കൈവീശി കാണിച്ചു. തിയറ്ററിന് മുന്നില്‍ ജാഥയോ പ്രകടനമോ നടത്തിയിട്ടില്ലെന്നും അല്ലു പറഞ്ഞു. കുട്ടിയുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് അറിയാന്‍ കുടുംബവുമായി ഓരോ മണിക്കൂറിലും ബന്ധപ്പെടുന്നുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. 'എനിക്കും അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ട്, ഞാന്‍ ഒരു പിതാവല്ലേ? അച്ഛന്റെ വികാരം എനിക്ക് മനസ്സിലാകില്ലേ?'' അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഇതിന് പിന്നാലെ സന്ധ്യാ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.