തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും സംഭവിക്കാത്ത അവസ്ഥയാണ്. ഒടുവിലായി ആണ്‍സുഹൃത്തിനൊപ്പം നടന്ന പെണ്‍കുട്ടിയെ സദാചാരത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഒറ്റയ്ക്കാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് ഈസ്റ്റ് ഡല്‍ഹിയിലെ ഗാസിപൂരില്‍ പീഡനത്തിന് ഇരയായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാല്‍ ഇരയും, അമ്മയും പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത് ഞായറാഴ്ചയും. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പേപ്പര്‍ മാര്‍ക്കറ്റിലൂടെ സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് 40-കളില്‍ പ്രായമുള്ള ഒരാള്‍ ഇവരെ ശല്യപ്പെടുത്താന്‍ തുടങ്ങി. രാത്രി കറങ്ങാന്‍ ഇറങ്ങിയതിന്റെ പേരില്‍ സുഹൃത്തുക്കളെ ഇയാള്‍ അപമാനിച്ച് തുടങ്ങി.
മാന്യതയുടെയും, സദാചാരത്തിന്റെയും ക്ലാസ് എടുത്ത് തുടങ്ങിയതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടാനായി രണ്ട് വഴിക്ക് തിരിഞ്ഞു. ആണ്‍സുഹൃത്ത് ഒരു വഴിക്ക് പോയതോടെ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവരെ പിടിച്ച് വലിച്ച് ഇരുട്ടത്ത് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് ശേഷം ഒരു കാനയിലേക്ക് തള്ളിയിടുകയും ചെയ്തു.
പിന്നീട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ അക്രമിയുടെ കൈവിരല്‍ കടിച്ച് മുറിച്ചതോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. മാരകമായി മുറിവേറ്റ ഇയാള്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവങ്ങള്‍ അമ്മയെ അറിയിച്ചെങ്കിലും അടുത്ത ദിവസമാണ് പരാതി നല്‍കിയത്.