ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷി പറയാനിരിക്കെ അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊന്നു.നിചേതര്‍ കൗര്‍(60) , ബല്‍വിന്ദര്‍ സിങ് (26) എന്നിവരെയാണ് അക്രമിസംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. നിചേതര്‍ കൗറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളുകളാണ് ഇവരുടെയും കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷികളായ അമ്മയും മകനും ഇന്നായിരുന്നു കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.
നിചേതര്‍ കൗറിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍നിന്ന് പത്തുതവണയാണ് വെടിവെച്ചത്. ബല്‍വീന്ദറിനെ ഗ്രാമത്തിനു സമീപം കാറില്‍ മരിച്ച നിലയിലും കണ്ടെത്തി. അതേസമയം, നിതേചറിനെതിരായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വീടിനു പുറത്തുള്ള കട്ടിലില്‍ നിതേചര്‍ കൗര്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. അവിടേക്കെത്തിയ ആള്‍ പ്രാദേശിക പിസ്റ്റള്‍ ഉപയോഗിച്ച് നിതേചറിന്റെ നെഞ്ചില്‍ വെടിവച്ചു. രണ്ട് അടി മാത്രം അകലെനിന്നായിരുന്നു ആക്രമണം. രക്ഷപെടാനായി കട്ടിലിലേക്കു കിടക്കാന്‍ തുടങ്ങിയ നിതേചറിനെതിരെ കൂടുതല്‍ പേര്‍ എത്തി ക്രൂരമായി വെടിവയ്ക്കുകയായിരുന്നു. ആറു തവണ തുടര്‍ച്ചയായി വെടിവച്ചതിനുശേഷം വീണ്ടും തലയിലേക്കും അക്രമികള്‍ വെടിയുതിര്‍ത്തു. വീണുപോയ അവരുടെ മുഖത്തും തുടര്‍ച്ചയായി വെടിയുതിര്‍ത്ത അക്രമികള്‍ മരണം ഉറപ്പിച്ചശേഷം അവിടെനിന്നും രക്ഷപെടുകയായിരുന്നു. തുണികൊണ്ട് മുഖം മറച്ചാണ് ആക്രമികള്‍ സ്ഥലത്തെത്തിയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചിലാരംഭിച്ചിരിക്കുകയാണ്.