കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ കൊടുക്കുന്നത് ഇന്നൊരു സ്ഥിരം സംഭവമാണ്. കൂടിയ വിലയ്ക്ക് വാങ്ങിയ മൊബൈല്‍ കൊടുക്കാന്‍ മടിക്കുന്നവര്‍ കളിക്കാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കാറുണ്ട്. കുട്ടികള്‍ ഇതില്‍ കളിക്കട്ടെയെന്ന് ചിന്തിക്കുന്നവര്‍ ഇതിലെ അപകടം തിരിച്ചറിയാറില്ല. പക്ഷെ മുംബൈയിലെ ഒരു കുടുംബം ഇതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ്.
കുട്ടിക്ക് പനിയും, ചുമയും വിട്ടുമാറാതെ വന്നതോടെയാണ് വീട്ടുകാര്‍ ഡോക്ടറെ സമീപിച്ചത്. വല്ല നീലോ, കളിപ്പാട്ടത്തിന്റെ കഷ്ണമോ കുട്ടി കഴിച്ചെന്ന് മാത്രമായിരുന്നു മാതാപിതാക്കള്‍ കരുതിയത്. പ്രദേശത്തെ ഒരു പീഡിയാട്രീഷ്യനെ കാണിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ അവസ്ഥ കൂടുതല്‍ മോശമായി. ഇതോടെ ബന്ധുക്കളുടെ ഉപദേശം സ്വീകരിച്ച് വാഡിയ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വലത് ശ്വാസകോശത്തില്‍ എന്തോ വസ്തു പെട്ടതായി കണ്ടെത്തുന്നത്. പ്രാഥമിക ബ്രോങ്കോസ്‌കോപിയില്‍ ടിഷ്യു വസ്തുവിനെ മറക്കുന്നതിനാല്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി. ആന്റിബയോട്ടിക്കും, സ്റ്റിറോയിഡുകളും നല്‍കി ഇന്‍ഫെക്ഷന്‍ രണ്ട് ദിവസം കൊണ്ട് കുറച്ചു. മൂന്നാം ദിവസം ബ്രോങ്കോസ്‌കോപി നടത്തിയപ്പോഴാണ് എല്‍ഇഡി ബള്‍ബാണെന്ന് തിരിച്ചറിയുന്നത്.
രണ്ട് മിനിറ്റ് കൊണ്ട് എല്‍ഇഡി ബള്‍ബ് ശ്വാസകോശത്തില്‍ നിന്നും നീക്കം ചെയ്തു. രണ്ട് സെന്റിമീറ്റര്‍ വ്യാസമുള്ള ബള്‍ബാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നും കണ്ടെത്തിയതെന്ന് ഇഎന്‍ടി മേധാവി ഡോ. ദിവ്യ പ്രഭാത് വ്യക്തമാക്കി. സ്‌നേഹത്തോടെ വാങ്ങിനല്‍കുന്ന കളിപ്പാട്ടം വരുത്തിവെയ്ക്കുന്ന വിനയാണ് ഇതോടെ പുറത്തുവരുന്നത്.