CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 17 Minutes 57 Seconds Ago
Breaking Now

'ദിവ്യകുടുംബം' സംഗീത ആല്‍ബം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു, കെസ്റ്റര്‍ ആലപിച്ച ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു

ലണ്ടന്‍: 'ദിവ്യ കുടുംബം' ആല്‍ബത്തിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ ആലപിച്ച ആദിയില്‍ താതന്‍..നിനച്ച പോലെ..എന്ന ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ്

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഈ ഗാനത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പാതകളിലൂടെയാണ് കുടുംബജീവിതം കെട്ടിപ്പടുക്കേണ്ടതെന്നും തകരുന്ന കുടുംബ ജീവിതങ്ങളുടെ അടിസ്ഥാന കാരണം ദൈവവിശ്വാസരാഹിത്യമാണെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സൂചിപ്പിച്ചു. ഡോ. അജി പീറ്ററിന്റെ വിശ്വാസത്തിന്റെയും വചനപ്രഘോഷകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാണ്  മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ഇത്തരത്തിലുള്ള ഒരു സംഗീത ആല്‍ബം ചെയ്യുവാന്‍ ഇടയാക്കിയതെന്നും ഏതൊരു തകര്‍ച്ചക്കും ദൈവവിശ്വാസത്താലും ദൈവിക ഇടപെടലുകള്‍ കൊണ്ടും മോചനം ലഭിക്കുമെന്നുമുള്ള വലിയ സന്ദേശം ഈ ആല്‍ബത്തിലൂടെ നല്‍കുവാന്‍ കഴിഞ്ഞതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എടുത്തു പറഞ്ഞു. ഈ ഗാനത്തിന്റെ  രചനയും സംവിധാനവും നിര്‍വഹിച്ച ഡോ. അജി പീറ്ററിനെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ഇത്തരത്തിലുള്ള നല്ല കലാസൃഷ്ടികള്‍ ഡോ. അജി പീറ്ററിന് വീണ്ടും ചെയ്യുവാന്‍ ഇടയാകട്ടെയെന്നും മാര്‍ സ്രാമ്പിക്കല്‍ ആശംസിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരള സഭാംഗവും 'ദിവകുടുംബം' ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്ററുമായ സി എ ജോസഫ് വിശിഷ്ടാതിഥികളെ പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

 കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം ഫൗണ്ടര്‍ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറും ലോകകേരള സഭാംഗവുമായ എസ്. ശ്രീകുമാര്‍, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ബേസിംഗ്‌സ്റ്റോക്ക് ബറോ മുന്‍ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനും 'ദിവകുടുംബം' ആല്‍ബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ. അജി പീറ്റര്‍  എല്ലാവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

യുക്മ കലാഭൂഷണം അവാര്‍ഡ് ജേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകയുമായ ദീപാ നായര്‍ അവതാരകയായി എത്തി ചടങ്ങിനെ സമ്പന്നമാക്കി. മലയാളം മിഷന്‍ യു കെ മിഡ്ലാന്‍ഡ്സ് കോര്‍ഡിനേറ്ററും ലോകകേരള സഭാംഗവുമായ ആഷിക്ക് മുഹമ്മദ് പ്രകാശ ചടങ്ങിന് വേണ്ട ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി.

ദൈവസ്‌നേഹം തുളുമ്പുന്ന 'ദിവ്യ കുടുംബം' എന്ന സംഗീത ആല്‍ബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ അതീവ മനോഹാരിതയില്‍ ദൃശ്യാവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റര്‍ നിര്‍മ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വര്‍ഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബം നിരവധി ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. മികച്ച അഭിപ്രായവുമാണ് രേഖപ്പെടുത്തുന്നത്.

കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആല്‍ബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്‌കാരത്തിലൂടെയും ഡോ അജി പീറ്റര്‍ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്‌നേഹം കൊണ്ടും പങ്കുവയ്ക്കല്‍ കൊണ്ടും പടുത്തുയര്‍ത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാന്‍ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആല്‍ബം ഓര്‍മ്മപ്പെടുത്തുന്നു.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തിയ 'ദിവ്യ കുടുംബം' ആല്‍ബം പ്രകാശന ചടങ്ങ് ലൈവ് ആയി ലണ്ടന്‍ കലാഭവന്‍ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

കെസ്റ്റര്‍ ആലപിച്ച ആദിയില്‍ താതന്‍..നിനച്ച പോലെ.. എന്ന ഏറ്റവും പുതിയ കുടുംബ ഗാനത്തിന്റെ വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/DNHjfhIGIQg

 

 

 

 

ജോബി തോമസ്

 




കൂടുതല്‍വാര്‍ത്തകള്‍.