പാട്ടും ഡാന്‍സും മാസ് ഡയലോഗുകളുമായി വിജയ് സിനിമകള്‍ക്ക് എല്ലാ ഭാഷകളിലും ആരാധകരുണ്ട്. ഡാന്‍സ് എന്നൊക്കെ പറഞ്ഞാല്‍ അത് വിജയ്യുടെ ഡാന്‍സ് ആണെന്നും അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ് താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ടോളിവുഡ് നടന്‍ ജൂനിയര്‍ എന്‍ ടി ആര്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'നൃത്തം, നൃത്തം പോലെ ആയിരിക്കണം. അത് ജിംനാസ്റ്റിക്‌സ് പോലെ തോന്നിക്കരുത്. ആസ്വദിച്ചു വേണം ഡാന്‍സ് ചെയ്യാന്‍, വിജയ് സാര്‍ ചെയ്യുന്നതുപോലെ. വിജയ് ഡാന്‍സ് കളിക്കുമ്പോള്‍ ഒരിക്കലും അത് കഷ്ടപ്പെട്ട് പഠിച്ചു ചെയ്യുന്നതുപോലെ തോന്നാറില്ല, വളരെ കൂളായി ഭംഗിയിലാണ് അദ്ദേഹം കളിക്കുക. അദ്ദേഹത്തിന്റെ ഡാന്‍സിന്റെ വലിയ ഫാന്‍ ആണ് ഞാന്‍.' എന്ന് ജൂനിയര്‍ എന്‍ ടി ആര്‍ പറഞ്ഞു.
നേരത്തെ തമിഴ് സിനിമയിലെ സംവിധായകരെയും ജൂനിയര്‍ എന്‍ ടി ആര്‍ പ്രശംസിച്ചിരുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച നടന്‍ തന്റെ ഇഷ്ട സംവിധായകന്‍ വെട്രിമാരന്‍ ആണെന്ന് പറഞ്ഞിരുന്നു. അറ്റ്ലിയുമായി ഒരു റൊമാന്റിക് കോമഡി ചിത്രം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നതായും എന്‍ടിആര്‍ മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.