CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 10 Minutes 16 Seconds Ago
Breaking Now

മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ കോള്‍; ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം

ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ഇവര്‍ക്ക് ഹൃദാഘാതം സംഭവിക്കുകയായിരുന്നു.

മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ കോള്‍ അമ്മയുടെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മ(58)യാണ് മരിച്ചത്. മാലതിയുടെ കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്നായിരുന്നു പൊലീസിന്റെ പേരില്‍ വന്ന വ്യാജ കോള്‍. പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ഇവര്‍ക്ക് ഹൃദാഘാതം സംഭവിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസുകാരന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയ വാട്സാപ് അക്കൗണ്ടില്‍ നിന്നായിരുന്നു കോള്‍ വന്നതെന്ന് മാലതിയുടെ മകന്‍ ദീപാന്‍ഷു പറഞ്ഞു. കേസെടുക്കാതെ മകളെ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന് മാനഹാനിയുണ്ടാകാതിരിക്കാനാണ് ഇക്കാര്യം വിളിച്ചു പറയുന്നതെന്ന് അവര്‍ പറഞ്ഞു. കോളിന് തൊട്ടുപിന്നാലെ അമ്മ പരിഭ്രാന്തയായി തന്നെ വിളിച്ചുവെന്നും ദീപാന്‍ഷു പറഞ്ഞു.

അവര്‍ വിളിച്ച നമ്പര്‍ നല്‍കാന്‍ താന്‍ അമ്മയോട് ആവശ്യപ്പെട്ടു.. നമ്പര്‍ പരിശോധിച്ചപ്പോള്‍ അതൊരു തട്ടിപ്പാണെന്ന് മനസിലായെന്നും ദീപാന്‍ഷു പറഞ്ഞു. ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അമ്മ ഏറെ വിഷമിച്ചു. അതിന് ശേഷം താന്‍ സഹോദരിയെ വിളിച്ചു കാര്യങ്ങള്‍ തിരക്കി. അവള്‍ സുരക്ഷിതയാണെന്ന് അറിയിച്ചു. അമ്മയെ വിളിച്ച് ഇക്കാര്യവും പറഞ്ഞതാണ്. എന്നാല്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയതിന് പിന്നാലെ അമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.