ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ഒമ്പതാം ക്ലാസ്സുകാരന്‍ ബാലന്‍സ് കണ്ട് ഒന്ന് ഞെട്ടി. 500 രൂപ പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നത് 87.65 കോടി രൂപ. ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. ബാലന്‍സ് കണ്ട് ഞെട്ടിയിരിക്കുകയാണ് കുട്ടിയും കുടുംബവും.
500 രൂപ പിന്‍വലിക്കാനായിട്ടാണ് ഒമ്പതാം ക്ലാസ്സുകാരനായ സൈഫ് അലി സൈബര്‍ കഫേയിലെത്തിയത്. എന്നാല്‍ പണം പിന്‍വലിച്ചതിന് ശേഷം ബാലന്‍സ് നോക്കിയപ്പോഴാണ് കോടികള്‍ കണ്ണില്‍ പെട്ടത്. കഫേ മുതലാളിയും ബാലന്‍സ് കണ്ട് ഒന്ന് അമ്പരന്നു. വീണ്ടും അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചെങ്കിലും ബാലന്‍സില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഉടന്‍ തന്നെ കുട്ടി അമ്മയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇയാള്‍ കസ്റ്റമര്‍ സര്‍വ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്മന്റ് പരിശോധിച്ചപ്പോള്‍ 87.65 കോടി അക്കൗണ്ടില്‍ ഇല്ലെന്നും യഥാര്‍ത്ഥ ബാലന്‍സായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി. സംഭവം അറിയിക്കാനായി സൈഫ് അലിയുടെ കുടുംബം ബാങ്കില്‍ എത്തിയപ്പോള്‍ ബാലന്‍സ് 532 രൂപ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇത്രയും വലിയ തുക ഒമ്പതാം ക്ലാസുകാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്നും കുടുംബം ആരോപിച്ചു. ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.