സൗത്ത് ഡല്‍ഹി കാലിന്ദി കുഞ്ചിലെ നഴ്‌സിങ് ഹോമില്‍ യുനാനി ഡോക്ടര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് പൊലീസ്. കേസില്‍ 16 കാരനെ അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായ കൗമാരക്കാരന്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റന്‍ഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടര്‍ ജാവേദ് അക്തറെ ചികിത്സയ്‌ക്കെന്ന് പറഞ്ഞെത്തിയ രണ്ടുപേര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
കാലിലെ മുറിവ് വെച്ചുകെട്ടാനെന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. അറ്റന്‍ഡര്‍ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്ക് പോയ ഇവര്‍ ജാവേദിന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു.
പിന്നാലെ ഇവരില്‍ ഒരാള്‍ 2024ല്‍ കൊലപാതകം ചെയ്തു എന്ന അടിക്കുറിപ്പോടെ തോക്കും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമിലിട്ടു. കൂട്ടുപ്രതിയ്ക്കായി അന്വേഷണത്തിലാണ് പൊലീസ്. നഴ്‌സും ഡോക്ടറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് നഴ്‌സിന്റെ ഭര്‍ത്താവ് ഡോക്ടറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇവരുടെ മകളുമായി പ്രതികളിലൊരാള്‍ പ്രണയത്തിലായിരുന്നു.ജാവേദിനെ കൊലപ്പെടുത്തിയാല്‍ മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് നഴ്‌സിന്റെ ഭര്‍ത്താവ് ഉറപ്പു നല്‍കിയിരുന്നു. നഴ്‌സിന്റെ ഭര്‍ത്താവ് നല്‍കിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം പിന്‍വലിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.