എംബിബിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഷാജഹാന്‍പൂരിലെ വരുണ്‍ അര്‍ജുന്‍ മെഡിക്കല്‍ കോളേജിലാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിംഗിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
ഗോരഖ്പൂര്‍ സ്വദേശിയായിരുന്നു കുശാഗ്ര പ്രതാപ് സിംഗ് എന്ന 24കാരന്‍. കുശാഗ്ര പ്രതാപ് കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.ഹോസ്റ്റലിന് പിന്നില്‍ നിന്ന് കുശാഗ്രയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നെന്ന് കോളേജ് അധികൃതര്‍ പറയുന്നു. മൂന്ന് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കുശാഗ്ര താമസിച്ചിരുന്നത്. കുശാഗ്ര എന്തെങ്കിലും ആവശ്യത്തിനായി മുകളിലത്തെ നിലയില്‍ പോയപ്പോള്‍ കാല്‍ വഴുതി വീണതാകാം അല്ലെങ്കില്‍ ആരെങ്കിലും ബോധപൂര്‍വ്വം തള്ളിയിട്ടതാകാനും സാധ്യതയുള്ളതായി പൊലീസ് പറയുന്നു.