ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വന്‍ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു.
47സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയില്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.