CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 16 Seconds Ago
Breaking Now

ഇന്ത്യയുടെ അടിത്തറ നെഹ്റു വിഭാവനം ചെയ്ത രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിസ്ഥാന ആശയങ്ങള്‍: അഡ്വ. എ ജയശങ്കര്‍; നെഹ്റുവിയന്‍ ചിന്തകള്‍ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചര്‍ച്ച കാലികപ്രസക്തമായി

കവന്‍ട്രി: 'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചര്‍ച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവന്‍ട്രിയിലെ ടിഫിന്‍ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് സംഘടിപ്പിച്ച ചര്‍ച്ചാ ക്ലാസുകള്‍ നയിച്ചത്. 

ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. വര്‍ക്കിങ്ങ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ് സ്വാഗതവും മണികണ്ഠന്‍ ഐക്കാട് നന്ദിയും അര്‍പ്പിച്ചു.  

വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചര്‍ച്ചയില്‍, യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ പങ്കാളികളായി. ഇരു പ്രഭാഷകരുടേയും മുപ്പത് മിനിറ്റ് വീതമുള്ള  ക്ലാസുകക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോദാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി. 

ഒരിക്കല്‍ നെഹ്‌റു സ്വയം മുസ്ലീമായി ജനിക്കേണ്ടത് ആയിരുന്നു എന്നതടക്കം സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പെരുംനുണകളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന്  പറഞ്ഞ ജയശങ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു അവതരിപ്പിച്ച രാഷ്ട്രനിര്‍മാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും അടിവരയിട്ടു.

 

ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്റു ആര്‍ജ്ജിച്ച പൊതു ബോധവും ബ്രിട്ടന്‍ മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തില്‍ മനസിലാക്കിയ വ്യക്തിത്വം 

എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചത് എന്ന വസ്തുതയും ജയശങ്കര്‍ ഉയര്‍ത്തിക്കാട്ടി. 

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശത്രുക്കള്‍ എന്ന് നെഹ്‌റു അടക്കമുള്ളവരുടെ ചിന്താധാരകളും ചര്‍ച്ചാവിഷയമായി. ഒരു മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ എങ്കിലും ഇന്ത്യയില്‍ വേണമെന്ന നെഹ്റു ഉയര്‍ത്തിപിടിച്ച മതേതരമൂല്യത്തിന്റെ മകുടോദാഹരണമാണ് മുസ്ലിം ഭൂരിപക്ഷ താഴ്വരയായ കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തത്. ഇത്തരത്തിലുള്ള മൂല്യബോധം നെഹ്റുവിനെ പോലെയുള്ള തികഞ്ഞ മതേതരവാദികളിലെ കാണുവാന്‍ സാധിക്കൂ എന്നും ജയശങ്കര്‍ പറഞ്ഞു. 

നെഹ്റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തസങ്ങളാണെന്നും ഇന്നത്തെ ഇന്ത്യയില്‍ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടതും, അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത്  അത്യാവശ്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തില്‍ ആശങ്കയറിയിച്ച ശ്രോതാക്കള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കി.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ടിഫിന്‍ബോക്‌സ് റെസ്റ്റോറന്റ് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. 'ഇവന്റ്‌സ് മീഡിയ' ചര്‍ച്ചയുടെ ലൈവ് സ്ട്രീമിങ്ങും പ്രക്ഷേപണം ചെയ്യുകയുണ്ടായി.

ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്റഫ് അബ്ദുള്ള, ജോര്‍ജ് ജോസഫ്, വിജീ പൈലി, സാബു ജോര്‍ജ്, ജോര്‍ജ് ജേക്കബ്, അജിത്കുമാര്‍ സി നായര്‍, സി നടരാജന്‍, ബേബി ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഫോട്ടോ ക്രെഡിറ്റ്‌സ്: ഇവന്റ്‌സ് മീഡിയ, യു കെ

 

 

 

 

റോമി കുര്യാക്കോസ്

 




കൂടുതല്‍വാര്‍ത്തകള്‍.