സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷ് (32) ആണ് പിടിയിലായത്.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടറുമാണ് ഇയാള്‍.
രണ്ടുദിവസം മുമ്പ് ശുചിമുറിയില്‍ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്ന് അറിയാന്‍ സിസിടിവി ക്യാമറ പരിശോധിച്ചു. ഇതോടെയാണ് ഡോക്ടറാണെന്ന് കണഅടെത്തിയത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായും കണ്ടെത്തി. മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും ക്യാമറ ഘടിപ്പിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.