പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടി ഇപ്പോഴും ഐസിയുവില്‍ തുടരുന്നു. പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്റെ നില ഗുരുതരമാണ്. ശ്രീതേജ് ഇപ്പോഴും കോമയില്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നതിനോട് ശരീരം കുഴപ്പങ്ങളില്ലാതെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്ക് ഇടയ്ക്കിടെ മാത്രമാണ് ബോധം തെളിയുന്നത്. ഇടയ്ക്കിടെ പനിയും ശരീരത്തില്‍ വിറയലും അനുഭവപ്പെടുന്നുണ്ട്. പിഐസിയുവില്‍ മുഴുവന്‍ സമയനിരീക്ഷണത്തില്‍ ആണ് കുട്ടിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, കുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്നങ്ങള്‍ മൂലമാണെന്ന് ഇന്നലെ അല്ലു അര്‍ജുന്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അര്‍ജുന്റെ പ്രതികരണം. കേസ് നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാന്‍ എത്തുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.