ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബാധ്യതയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം അറിയില്ലെന്ന് കുടുംബം മൊഴി നല്‍കിയതായാണ് വിവരം. വീട്ടില്‍ നിന്ന് ഡയറികള്‍ ഉള്‍പ്പെടെ പരിശോധനക്കായി ശേഖരിച്ചു. വീട്ടിലെ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല.
എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ അന്വേഷണസംഘം ഇതുവരെ ആറുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബാഗങ്ങളുടെയും എന്‍ എം വിജയന്റെ അടുപ്പക്കാരുടെയും മൊഴിയെടുത്തു. 2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളില്‍ സാമ്പത്തിക ബാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയും സ്വര്‍ണ്ണ പണയ വായ്പയും എടുത്തിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
പൊലീസ് മകന്റെയും മരുമകളുടെയും ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. ആത്മഹത്യ സംബന്ധിച്ച കാരണം അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി
സാമ്പത്തിക ബാധ്യത സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കാറില്ല. കുടുംബ പ്രശ്നങ്ങള്‍ ഇല്ല എന്നും മൊഴിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയമനക്കോഴയുടെ ഇടനിലക്കാരനായി നിന്നതിന്റെ ബാധ്യതയുണ്ടോ എന്നതും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല.