CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 3 Minutes 51 Seconds Ago
Breaking Now

അനില്‍ അംബാനിയുടെ പൂട്ടിയ കമ്പനിയില്‍ കെഎഫ് സി പണം നിക്ഷേപിച്ചു; കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ ഗുരുതര ആരോപണവുമായി ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ ഗുരുതര ആരോപണവുമായി വി ഡി സതീശന്‍. കെഎഫ്‌സി അനില്‍ അംബാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതല്‍ അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്‌സി നിക്ഷേപം നടത്തിയത്. 2019ല്‍ ആര്‍സിഎഫ്എല്‍ പൂട്ടി. ഇതോടെ കെഎഫ്‌സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2018-2019ലെ കെഎഫ്‌സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ പേരില്ല. 2019-20ലും ഇവരുടെ പേര് മറച്ചുവെച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. 2020-21ലാണ് പേര് കാണാന്‍ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

പണം നിക്ഷേപിക്കുമ്പോള്‍ കമ്പനിയുടെ സാമ്പത്തിക ഭദ്രത നോക്കണ്ടേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കമ്പനി പൂട്ടാന്‍ പോകുന്നുവെന്ന് അറിഞ്ഞു കൊണ്ടാണ് ഇത്രയും പണം നിക്ഷേപിച്ചതെന്നും കുറ്റപ്പെടുത്തി. നിയമസഭയില്‍ ഈ ചോദ്യം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍സിഎഫ്എല്ലുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് സര്‍ക്കാര്‍ ഇത്രയും വലിയ തുക നിക്ഷേപിച്ചത്. ഭരണത്തിന്റെ മറവില്‍ നടന്നത് ഗുരുതരമായ അഴിമതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവം അടിയന്തരമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭരണനേതൃത്വത്തിലുള്ളവരെ പുറത്തുകൊണ്ടുവരണം. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇത്രയും പണം നഷ്ടപ്പെട്ടിട്ട് ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 2023-24ല്‍ പണം തിരികെ കിട്ടുമെന്ന് സര്‍ക്കാരിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.