കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡിനായി നടത്തിയ മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൃത്തപരിപാടിക്കുള്ള തട്ടിക്കൂട്ട് സ്റ്റേജ് നിര്‍മിച്ചത് തലേദിവസം രാത്രിയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. സംഘാടകര്‍ അനുമതിക്കായി കൊച്ചി കോര്‍പറേഷനെ സമീപിച്ചത് തലേദിവസമാണ്. ഹെല്‍ത്ത് ഓഫീസര്‍ അന്ന് തന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.
ഈ സമയം ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ചിരുന്നില്ല. സ്റ്റേഡിയത്തിനുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലന്‍സും മാത്രമായിരുന്നു. കുട്ടികള്‍ അടക്കം 12000 നര്‍ത്തകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത് 8 കൌണ്ടര്‍ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളില്‍ ആയി 8 പേര് മാത്രമാണ്. രണ്ടു മണിക്കൂര്‍ വരെ സമയം കാത്തിരുന്നിട്ടാണ് കുട്ടികള്‍ സ്റ്റേഡിയത്തിന് ഉള്ളില്‍ പ്രവേശനം നേടിയത്.
തിരക്ക് കൂടിയതോടെ പൊലീസ് ഇടപെട്ട് എല്ലാവരെയും പ്രവേശിപ്പിച്ചു. വീടുകളില്‍ നിന്നും മേക്കപ്പ് ചെയ്ത് വന്ന കുട്ടികള്‍ക്ക് പലര്‍ക്കും നിര്‍ജലീകരണവും തലചുറ്റലും ഉണ്ടായി. ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതി വേണമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് വിഷയത്തില്‍ ജിസിഡിഎയുടെ പ്രതികരണം. എന്നാല്‍ മൃദംഗവിഷന് അത് ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് ചുമതലയില്‍ ഇല്ലെന്നും ജിസിഡിഎ വ്യക്തമാക്കുന്നു.