സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ സിപിഐഎം നേതാവ് പി കെ ശശി. നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള ശശിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 'അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു' എന്ന് തുടങ്ങുന്ന കുറിപ്പ് സിപിഐഎം നേതൃത്വത്തിനെതിരായ പരോക്ഷ വിമര്‍ശനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു എന്നും അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പി കെ ശശി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത് എന്നും പി കെ ശശി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശശി കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രാഥമിക അംഗത്വത്തിലേയ്ക്ക് തരംതാഴ്ത്തിയ നടപടിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ പുറത്താക്കന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു.
പി കെ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാവര്‍ക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തന്‍ അനുഭൂതികളുടെ വര്‍ഷമായിത്തീരട്ടെ പുതുവര്‍ഷം.
2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം കിട്ടുന്ന പുതിയ വര്‍ഷത്തെ ആവേശത്തോടെ നമുക്ക് വരവേല്‍ക്കാം. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒന്നിന്റെ മുന്‍പിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓര്‍ക്കുക. വിശ്വകവി ടാഗോറിന്റെ വരികള്‍ കടമെടുക്കട്ടെ. 'എവിടെ നിര്‍ഭയമാകുന്നു മാനസം, അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം'
ലോകത്തില്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ക്ക് ശക്തി നല്‍കുന്നതാവട്ടെ പുതിയ വര്‍ഷം. ഒരു കയ്യില്‍ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യില്‍ പോരാട്ടത്തിന്റെ മിഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന പലസ്തീന്‍ പോരാളികളാണ് നമുക്ക് ആവേശം നല്‍കേണ്ടത്.
ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക. വരും കാലം നിങ്ങളുടേതല്ല.
ഏവര്‍ക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍!
സാമ്പത്തിക ക്രമക്കേട് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ശശിയെ നിരവധി പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി, തരംതാഴ്ത്തിയിരുന്നു. ഇതിന് മറുപടി എന്ന കണക്കെയാണ് ശശിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്.