ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം 'സുപ്രഭാതം'. കഠാര രാഷ്ട്രീയത്തിന് സര്‍ക്കാര്‍ പിന്തുണയോ'എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ മാനവികത വറ്റാത്ത മനസ്സില്‍ നിന്ന് ചെങ്കൊടി തള്ളിക്കളയാനെ ഈ നടപടികള്‍ ഉപകരിക്കുകയുള്ളൂ എന്ന് സമസ്ത മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് സുപ്രഭാത്തിലെ ലേഖനത്തില്‍ പറയുന്നു. പൊലീസ് റിപ്പോര്‍ട്ട് തള്ളിയും, ഹൈക്കോടതി ഉത്തരവ് ധിക്കരിച്ചും വളഞ്ഞ വഴിയിലൂടെയാണ് സുനിയെ പുറത്തെത്തിച്ചത്. സിപിഐഎം സമ്മേളനം നടക്കുമ്പോഴുള്ള ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണെന്നും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് തെറ്റെന്ന് പറയാനോ വിമര്‍ശിക്കാനോ ആരും ഉണ്ടാകില്ലെന്ന നേതാക്കളുടെ ധൈര്യം ആശങ്കപ്പെടുത്തുന്നുവെന്നും 'സുപ്രഭാതം' വിമര്‍ശിക്കുന്നു.
മനുഷ്യാവകാശത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് നാട്ടിലിറങ്ങി സൈ്വര്യ വിഹാരം നടത്താന്‍ സാഹചര്യം ഉണ്ടാക്കരുത് എന്നും സിപിഐഎമ്മിന് 'സുപ്രഭാതം' മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടിപി കൊലപാതകത്തില്‍ നിന്ന് ഏറ്റ രാഷ്ട്രീയ പരുക്കില്‍ നിന്ന് സിപിഐഎം ഒരു പാഠവും പഠിച്ചില്ല. ടിപി കേസ് പ്രതികള്‍ക്ക് 20 വര്‍ഷം ഇളവ് നല്‍കരുത് എന്ന കോടതി ഉത്തരവ് ബാധകമായി കാണുന്നില്ല എന്നും സുപ്രഭാതം കുറ്റപ്പെടുത്തുന്നുണ്ട്.
ഡിസംബര്‍ 28 വൈകുന്നേരമാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല. ജയിലിനുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് പരോള്‍ അനുവദിക്കാതിരുന്നത്.