'ബേബി ജോണ്‍' കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഫ്ളോപ്പുകളില്‍ ഒന്നാണ്. 2024ന്റെ എന്‍ഡിംഗില്‍ എത്തി ബോളിവുഡിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ബേബി ജോണ്‍. വരുണ്‍ ധവാനെ നായകനാക്കി സംവിധായകന്‍ കാലീസ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 160 കോടി ബജറ്റില്‍ എടുത്ത സിനിമയ്ക്ക് ഇതുവരെ വെറും 50 കോടിയില്‍ താഴെ മാത്രമാണ് കളക്ഷന്‍ നേടാനായത്. മലയാളി താരം കീര്‍ത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ബേബി ജോണ്‍. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഏറെ പ്രധനപ്പെട്ട കാമിയോ റോളില്‍ എത്തിയെങ്കിലും സിനിമയെ പരാജയത്തില്‍ നിന്നും രക്ഷിക്കാനായില്ല.
പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഏറെക്കുറെ നെഗറ്റീവ് പ്രതികരണങ്ങളാണ് ബേബി ജോണിന് ലഭിച്ചത്. പുഷ്പ 2: ദി റൂള്‍, മുഫാസ: ദ ലയണ്‍ കിംഗ് എന്നിവയില്‍ നിന്ന് കടുത്ത മത്സരം നേരിട്ട ചിത്രത്തിന് 9-ാം ദിവസം ഇന്ത്യയില്‍ ഒരു കോടി രൂപ മാത്രമാണ് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 36.40 കോടി രൂപയാണ്. 160 കോടി ബജറ്റില്‍ ഒരുക്കിയ ഒരു സിനിമയെ സംബന്ധിച്ച് വലിയ നിരാശയാണ് ഈ കളക്ഷന്‍.
രാജ്യവ്യാപകമായി 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോള്‍ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. ഇതിലൂടെ തന്നെ ബേബി ജോണിന്റെ തകര്‍ച്ച എത്രത്തോളം മോശമാണെന്ന് കണക്കാക്കാം. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ച് ചിത്രത്തിന് 100 കോടി പോയിട്ട് 50 കോടി പോലും കടക്കാനാകില്ല എന്നാണ് വിലയിരുത്തലുകള്‍. ഇതിനിടെ ഓണ്‍ലൈനില്‍ ലീക്കായതും സിനിമയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.