നയന്‍താരയ്ക്ക് വീണ്ടും കുരുക്ക്. ധനുഷിന് പിന്നാലെ നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. 5 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യമുന്നയിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നല്‍കിയത്.
ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ് ആണ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം നേരത്തെ നാനും റൗഡിതാന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സിനിമയുടെ സംവിധായകന്‍ ധനുഷും നയന്‍താരയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു.
ഈ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ ചന്ദ്രമുഖിയുടെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. നയന്‍താരയെ കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനും നിര്‍മ്മാതാക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 2005 ല്‍ ആയിരുന്നു ചന്ദ്രമുഖി പുറത്തിറങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഈ സിനിമ. ഇതില്‍ രജനികാന്തിന്റെ നായിക ആയിട്ടാണ് നയന്‍താര അഭിനയിച്ചിരിക്കുന്നത്. നവംബര്‍ 18 ന് ആയിരുന്നു നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. നയന്‍താര ബിയോണ്ട് ദി ഫെയറിടേല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.