വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ അശ്ലീല കമന്റിട്ടവര്‍ക്കെതിരേയും പരാതി നല്‍കാനൊരുങ്ങി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല കമന്റുകള്‍ ഇട്ടവര്‍ക്കെതിരെയുമാണ് നടപടി. അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
''ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'' എന്നാണ് ഹണി റോസ് കുറിച്ചിരിക്കുന്നത്.
അതേസമയം ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.