ഗീതു മോഹന്‍ദാസിനെതിരെ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തിയോ? എന്നാണ് നിതിന്‍ രണ്‍ജി പണിക്കര്‍ ചോദിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് എന്ന സിനിമയുടെ ടീസര്‍ റിലീസായതിനു പിന്നാലെയാണ് വിമര്‍ശനം.
നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയെന്ന പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ സിനിമ ചെയ്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്റെ ആക്ഷേപം. സോഷ്യല്‍ മീഡിയയിലൂടെ നിതിന്റെ പ്രതികരണം.
'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി? എന്നാണ് നിതിന്റെ പ്രതികരണം.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് എന്ന സിനിമയുടെ പ്രൊമോയില്‍ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിധിന്‍ രണ്‍ജി പണിക്കരുടെ പ്രതികരണം. അതേസമയം ചിത്രത്തിന്റെ ടീസര്‍ വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തോളം ആളുകളാണ് ടീസര്‍ കണ്ടത്.