ആരോഗ്യമന്ത്രി വീണക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അദേഹം വീണക്കെതിരെ രംഗത്തെത്തിയത്. 52 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി തന്നെ തഴഞ്ഞാണ് ഒമ്പത് വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ എത്തിയ വീണയെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയതെന്ന് അദേഹം ആരോപിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും. പത്മകുമാറുമായി പാര്‍ട്ടി ആശ വിനിയം നടത്തിയിട്ടില്ലെന്നാണ് വിവരം.
സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം' എന്നാണ് സ്വന്തം ഫോട്ടോയോടൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഉച്ചവരെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് കൊല്ലം വിട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിയോജിപ്പാണ് പത്മകുമാറിനുള്ളത്. വീണ ജോര്‍ജ് സംസ്ഥാന സമിതിയില്‍ എത്തിയതില്‍ വിയോജിപ്പില്ലെന്നും തനിക്ക് പരിഗണന ലഭിക്കാത്തതില്‍ വിഷമമെന്നും അദേഹം പറഞ്ഞു.
താന്‍ പാര്‍ട്ടിക്കു വേണ്ടി ജീവിച്ചവനാണ്. കുടുംബവും താനും ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഒരു പക്ഷേ പാര്‍ട്ടി തിരുത്തിയേക്കാം എന്നും പത്മകുമാര്‍ പറഞ്ഞു. തിരഞ്ഞെടുത്തവര്‍ ഒരു പക്ഷേ പാര്‍ട്ടിയെ വളര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കും എന്ന് പരിഹസിക്കുകയുണ്ടായി. ഉച്ചകഴിഞ്ഞ് പത്മകുമാര്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കാണും.