CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 3 Seconds Ago
Breaking Now

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല; ജില്ലാ പ്രസിഡന്റ് വീട്ടിലെത്തിയത് അനുവാദം വാങ്ങാതെ; പൊട്ടിത്തെറിച്ച് എ പത്മകുമാര്‍

താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

എസ്ഡിപിഐയില്‍ ചേര്‍ന്നാലും താന്‍ ബിജെപിയില്‍ ചേരില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ബിജെപി നേതാക്കള്‍ കാണാന്‍ വന്നതില്‍ പ്രതികരണമായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയിയെന്നും അദേഹം വ്യക്തമാക്കി.

താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയത്.

എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല. ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പത്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്നാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞത്. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞത്. അതേസമയം, മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം പത്മകുമാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.