ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായി ആണെന്ന് വെളിപ്പെടുത്തല്. ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവര്‍ കൈയൊഴിഞ്ഞു എന്നാണ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജു പറയുന്നത്.
മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബശ്രീ യൂണിറ്റ്. ഷൈനി വീട്ടില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി.
അതേസമയം കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് ഏറ്റുമാനൂര്‍ കോടതി ഉത്തരവ് പറയും. കേസില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.