അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് മകള്‍ സുജാത ബോബന്‍. തനിക്ക് സ്വര്‍ഗത്തില്‍ പോകണം എന്നും യേശുവിനെ കാണണം എന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണം എന്നും തന്റെ പിതാവ് പറയുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നാണ് സുജാത അവകാശപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും വീഡിയോ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും സുജാത വെളിപ്പെടുത്തി.
മൃതദേഹം സംസ്‌കരിക്കണം എന്നായിരുന്നു എം എം ലോറന്‍സിന്റെ ആഗ്രഹം. സ്റ്റഡി മെറ്റീരിയല്‍ ആകാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കുടുംബവുമായി കൂടിയാലോചിക്കാതെ ആണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയതെന്നും മൃതദേഹം വിട്ടുകിട്ടണമെന്നും സുജാത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 ഫെബ്രുവരിയില്‍ ആണ് വീഡിയോ എടുത്തതെന്നാണ് സുജാത അറിയിച്ചത്.
ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന്‍ സജീവന്‍ അറിയിച്ചിരുന്നത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വിഷയത്തില്‍ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചര്‍ച്ചകളും വിഷയത്തില്‍ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.