സിപിഎംഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്റെ വാതിലടയുന്നതിനിടെ ചര്‍ച്ചയായി മകന്‍ ജയിന്‍ രാജിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ' എന്ന എം സ്വരാജിന്റെ വാചകമാണ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിന്‍ തുറന്ന് പറഞ്ഞതെന്നാണ് വ്യഖ്യാനങ്ങള്‍.
കണ്ണൂര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിട്ടും പി ജയരാജന് സംസ്ഥാന സമിതിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സ്ഥാനകയറ്റമില്ല. പ്രായപരിധി നിബന്ധന തുടര്‍ന്നാല്‍ അടുത്ത സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും ജയരാജന്‍ ഒഴിവാകും. കണ്ണൂരിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുന്‍പ് ഉള്‍പ്പെട്ട ഘടകത്തില്‍ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.
ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍, എംവി ഗോവിന്ദന്‍- ഒടുവിലിതാ എംവി ജയരാജന്‍ തുടങ്ങി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ജയരാജന് പ്രായം എഴുപത്തിരണ്ടാണ്. അടുത്ത സമ്മേളനമാകുമ്പോള്‍ എഴുപത്തിയഞ്ചാകും. അപ്പോള്‍ ഇനിയൊരു പ്രമോഷനില്ല. 27 വര്‍ഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തില്‍ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വരാം.