വിവാദം തുടരുന്ന എമ്പുരാന്‍ സിനിമ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരം നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങള്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തി എടുത്തിരിക്കുകയാണെന്ന് എഎ റഹീം എംപി പറഞ്ഞു. മലയാളം സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ ആളുകള്‍ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാന്‍ എന്നും എന്നാല്‍ അവര്‍ക്ക് പോലും ഒരു ഘട്ടത്തില്‍ ഭയന്ന് മാപ്പ് പറയാന്‍ നിര്‍ബന്ധിതരാവേണ്ട സാഹചര്യമാണെന്നും എഎ റഹീം പറഞ്ഞു.
'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വര്‍ധിക്കുകയാണ്. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായ സംഘടിതമായ ആക്രമണ നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സംഭവങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശകളുടെ ലംഘനം ആണ്', റഹീം പറഞ്ഞു.