കൊല്ലത്തെ വിസ്മയ കേസില്‍ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ കിരണ്‍ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.
മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ഒരു കണ്ണിയുമില്ലെന്നുമാണ് കിരണ്‍ കുമാറിന്റെ ഹര്‍ജിയിലെ വാദം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ല.
എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായി എന്നും കിരണ്‍ കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നായിരുന്നു ബന്ധുക്കളുടെ വാദം. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്.
എന്നാല്‍ വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം വിസ്മയ മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും കുടുംബം കാര്യമായെടുത്തില്ല. ഒടുവില്‍ ഭര്‍തൃപീഡനം സഹിക്കവയ്യാതെ വിസ്മയ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. ഇതിന് പിന്നാലെ കിരണ്‍കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേസില്‍ പത്ത് വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.