വഖഫ് ബില്ലില്‍ ചൂടേറിയ ചര്‍ച്ചയില്‍ ലോക്സഭ. വഖഫ് നിയമം അടിച്ചേല്‍പ്പിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാല്‍ ഉന്നയിച്ചു. അതേസമയം ബില്ല് അവതരണത്തില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി.
യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന് മറുപടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജെപിസി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭഅംഗീകരിച്ചുവെന്നും മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ ഭരണപക്ഷത്ത് നിന്നും എത്ര പ്രകോപനം ഉണ്ടായാലും സഭവിടരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം.ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്തതിന് ശേഷം എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. എന്തു പ്രകോപനമുണ്ടായാലും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ മാറിനില്‍ക്കുകയോ ചെയ്യില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്തണം എന്നും ഖര്‍ഗെ പറഞ്ഞു.
കേരളത്തില്‍ കത്തോലിക്ക സഭ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ തള്ളി എല്ലാ കോണ്‍ഗ്രസ് എംപിമാരും ബില്ലിനെ എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.