ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം സുകാന്തിനെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ഏപ്രില്‍ ആറിന് ശേഷം മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. ചോദ്യം ചെയ്താല്‍ മാത്രമായിരിക്കും മകളുടെ മരണകാരണം വ്യക്തമാകൂ എന്നും കുടുംബം പറഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
മേഘ ഒറ്റയ്ക്കാണ് റെയില്‍വേ ട്രാക്കില്‍ ഉണ്ടായിരുന്നതെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരുന്നു. ജോലിസ്ഥലത്ത് നിന്നും ഇറങ്ങി റെയില്‍വേ ട്രാക്കിലേക്ക് മേഘ എത്തുന്നത് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം ശേഖരിച്ചാല്‍ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമാകുമെന്ന് കുടുംബം പറയുന്നു.