എമ്പുരാന്‍ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍. ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവേയാണ് ജോര്‍ജ് കുര്യന്‍ ആരോപണം ഉന്നയിച്ചത്. എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേസമയം താനൊരു ക്രിസ്ത്യാനിയാണെന്നും തങ്ങളെ ഈ രീതിയില്‍ അവഹേളിക്കരുതെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്‍ സിനിമയെ പിന്തുണച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ സംസാരിച്ചത്. എമ്പുരാനെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിനിമയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെന്‍സര്‍ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ മറുപടി നല്‍കിക്കൊണ്ടാണ് സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം ജോര്‍ജ് കുര്യന്‍ ഉന്നയിച്ചത്.
താനൊരു ക്രിസ്ത്യാനിയാണ്. തങ്ങളെ ഈ രീതിയില്‍ അവഹേളിക്കരുത്. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുകയാണ്. കെസിബിസി, സിബിസിഐ പോലുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേസമയം നേരത്തെയും എമ്പുരാനെതിരെ പ്രതികരണവുമായി ജോര്‍ജ് കുര്യന്‍ രംഗത്തുവന്നിരുന്നു. സിനിമ എല്ലാവരും കാണണമെന്നും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു.